Kerala
പാലക്കാട്: ഇതരസംസ്ഥാന തൊഴിലാളി രാം നാരായണനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി. എസ്സി, എസ്ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പ്രതികള്ക്കെതിരെ ചുമത്തിയത്.
കേസിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തെന്ന് ഡിജിപി പറഞ്ഞു. പട്ടാപ്പകൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ഛത്തീസ്ഗഡ് സ്വദേശിയെ തല്ലിക്കൊന്നിട്ടും ഗുരുതര വകുപ്പുകൾ ചുമത്താത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ധനസഹായത്തോടൊപ്പം ഗുരുതര വകുപ്പുകൾ കൂടി ചുമത്തണമെന്നായിരുന്നു രാം നാരായണന്റെ കുടുംബത്തിന്റെ ആവശ്യം.
കുടുംബത്തിന് അധികൃതർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എസ്സി, എസ്ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ പോലീസ് തയ്യാറായത്. ആൾക്കൂട്ട കൊലപാതകത്തിൽ പോലീസിന് തുടക്കത്തിൽ ഉണ്ടായത് ഗുരുതര വീഴ്ചയെന്ന ആരോപണം ശക്തമാണ്.
Kerala
പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശികളായ വിനോദും ജഗദീഷുമാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കേസുമായി ബന്ധപ്പെട്ട് നേരത്തെ, അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അട്ടപ്പള്ളം കല്ലങ്കാട് അനു, പ്രസാദ്, മുരളി, ആനന്ദൻ, വിപിൻ എന്നിവരാണ് അറസ്റ്റിലായത്.
പോലീസ് റിപ്പോർട്ട് പ്രകാരം ഒന്നാംപ്രതി അട്ടപ്പള്ളം കല്ലങ്കാട് അനുവിനെതിരേ വാളയാർ സ്റ്റേഷനിൽ പത്തും കസബ സ്റ്റേഷനിൽ അഞ്ചും അടക്കം 15 കേസുകളുണ്ട്. മാരകായുധങ്ങളുമായുള്ള ആക്രമണം, അടിപിടി എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
രണ്ടാംപ്രതി പ്രസാദിനും മൂന്നാംപ്രതി മുരളിക്കുമെതിരേ വാളയാർ സ്റ്റേഷനിൽ രണ്ടുവീതം കേസുകളുണ്ട്. നാലാംപ്രതി ആനന്ദനെതിരേ വാളയാർ പോലീസ് സ്റ്റേഷനിൽ ഒരു കേസുണ്ട്. അഞ്ചാം പ്രതി വിപിൻ പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ രണ്ടു കേസുകളിലും വാളയാർ സ്റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്.
ചത്തീസ്ഗഡ് സ്വദേശി രാം നാരായണൻ ആണ് വാളയാറിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. 17ന് ഉച്ചയ്ക്ക് ഒന്നിനും നാലിനും ഇടയിലുള്ള സമയത്താണ് രാംനാരായണന് മർദനമേറ്റതെന്ന് റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് പോലീസെത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ അയച്ചു. രാത്രി 7.40നാണ് ആശുപത്രിയിലെ പോലീസ് ഔട്ട് പോസ്റ്റിലെ ഉദ്യോഗസ്ഥൻ വാളയാർ സ്റ്റേഷനിൽ വിളിച്ച് രാംനാരായൺ മരിച്ച വിവരം അറിയിക്കുന്നത്. കേസിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന.
Kerala
പാലക്കാട്: വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം ആക്രമിച്ചു കൊന്നതിനു പിന്നിൽ ആര്എസ്എസ് നേതാക്കളെന്ന് മന്ത്രി എം.ബി.രാജേഷ്. ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് രാം നാരായണനെ ആള്ക്കൂട്ടം ആക്രമിച്ചത്.
ആര്എസ്എസ് നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയത്. പ്രതികള്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. സംഘപരിവാര് രാജ്യമാകെ പടര്ത്തിക്കൊണ്ടിരിക്കുന്ന വര്ഗീയ വംശീയ വിഷത്തിന്റെ ഇരയാണ് രാം നാരായണ്.
സര്ക്കാര് രാം നാരായണന്റെ കുടുംബത്തിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 18 നാണ് ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ മര്ദിച്ചത്. നീ ബംഗ്ലാദേശി ആണോടാ എന്നടക്കം ചോദിച്ചായിരുന്നു മര്ദനം.
Kerala
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണ കൊല്ലപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. രാം നാരായണന്റെ കുടുംബത്തിന് സർക്കാർ ഇക്കാര്യം ഉറപ്പ് നൽകി.
റാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്നും ജില്ലാ ഭരണകൂടം ഉറപ്പ് നൽകി. പാലക്കാട് ആർഡിഒ കുടുംബവുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പു നൽകിയത്.
കൊലപാതക കേസ് അന്വേഷണത്തിന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കും. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് ചുമത്തും.
കുടുംബത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടം ഉറപ്പുകൾ നൽകിയിരിക്കുന്നത്. ഉറപ്പ് ഔദ്യോഗികമായി ജില്ലാ കളക്ടർ വാർത്താക്കുറിപ്പായി പുറത്തിറക്കും. വാർത്താക്കുറിപ്പ് പുറത്തിറക്കിയാൽ മൃതദേഹം ഏറ്റെടുക്കാമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.